Friday, April 17, 2020

ഭ്രഷ്ട്

പണ്ടൊരു ലോകമുണ്ടായിരുന്നു അന്ന്
കിളികൾതൻ മൊഴികൾ കേട്ടിരുന്നു...
വിശപ്പിൻ വിളികൾ വളർത്തിയൊരന്നമായ്‌ 
വയലുകൾ പച്ചവിരിച്ചിരുന്നു...
മേടമാസച്ചൂടേറിയ നാളെന്നെ 
മാറോടണച്ചൊരാലിരുന്നു...
എൻ അധരങ്ങൾ വരണ്ടൊരു നാളിൽ 
മലകൾ ഒഴുക്കിയ നീർച്ചാലുകൾ ഉണ്ടായിരുന്നു...
പഞ്ഞമാസത്തിലെ പേമാരിതൻ ചിണുങ്ങുകൾ 
ചിങ്ങമാസത്തിലും കേട്ടിരുന്നു...
ഋതുഭേദങ്ങൾ അണിയിച്ചൊരുക്കിയ 
ദേവിയെ പോലൊരു പ്രകൃതി ഉണ്ടായിരുന്നു.
ഒരു നാൾ വളർന്നെൻറെ ദംഷ്ട്രകൾ അവളുടെ 
മാറിലേക്കൂന്നി രക്തമൂറ്റി.
വയലുകൾ പോയ് ..നീർച്ചാലുകൾ വറ്റി ..
എങ്ങും തീ ചൂളകൾ ഞാൻ വളർത്തി.
പെരുകുന്ന പണമെന്നെ ആഢ്യനായ് വാഴിച്ചു
എന്നിലെ എന്നെ ഞാൻ മറന്നു.
ഒരു നാളിൽ അവളുടെ ഗർജ്ജനം കേട്ടു ഞാൻ 
പേടിച്ചരണ്ടൊരു കൂടൊരുക്കി...
ഓടി ഒളിച്ചു ഞാൻ ആ കൂട്ടിനുള്ളിൽ
ദിനരാത്രങ്ങൾ പോയ്മറഞ്ഞു.
വീണ്ടും ആരോ മുട്ടി വിളിച്ചെൻറെ വാതിലിൽ,
കേട്ടു മറന്നൊരാ ഈണവുമായ്...
കിളികളും പുഴകളും തണലേകിടും മരങ്ങളും 
എല്ലാം തിരികെ എത്തിയെന്ന്...
എങ്കിലും കണ്ടു ഞാൻ പഴയൊരാ മുറിവിൻറെ 
കാലം മായ്ക്കാത്ത പാടുകളെ...
പാശം കണക്കതെന്നെ വരിഞ്ഞുമുറുക്കുന്നു,
പിടയുന്നു ഞാൻ ജീവശ്വാസത്തിനായ്...
എവിടെ പോയ് പ്രകൃതി എന്നലറി ഞാൻ ഉച്ചത്തിൽ 
ശാപം കിട്ടിയോരസുരനെപോൽ...
ആരോ അടക്കം പറയുന്നു കാതിൽ 
"ഭ്രഷ്ട് കല്പിച്ചിരിക്കുന്നു നിനക്ക്...
നീ നിൻറെ കൂട്ടിൽ തനിയെ വാഴുക.
ആർത്തിതൻ അജ്ഞത മാറും വരെ...
കാണേണ്ട നീ എൻ സ്നേഹത്തിൻ കാന്തിയും 
കേൾക്കേണ്ട എൻ ലാളനയൂറുന്ന താരാട്ടിൻ മൊഴികളും 
അന്യമാണു നിനക്കു നിൻ പ്രണയം പോലും 
അജ്ഞതതൻ ഇരുളു നീങ്ങും വരെ...
ആസ്വദിക്കുക നീ നിൻറെ ചുമരുകളിൽ 
നീ ഇല്ലാത്ത ലോകത്തിൻ രൂപകാന്തി."




Friday, December 14, 2018

പെണ്ണിനെ പെണ്ണാക്കുന്നവൻ...

ചേതനയറ്റ എൻ ഉടലിൽ നിന്നൊഴുകിടും 
രുധിരത്തിനാരുത്തരം ...
എന്നുമെൻ അധരത്തിൽ നിന്നൊഴുകിയ പുഞ്ചിരി 
മങ്ങിയതിന്നതിനാരുത്തരം...
ശലഭങ്ങൾ തൻ ചിറകടി പോലെൻ ചിന്തകൾക്കുയി-
രേകിയൊരെൻ കരങ്ങളോ നിശ്ചലം, അതിന്നാരുത്തരം...
ആർത്തിരമ്പും തിരകളായ് ഒഴുകിയോരെൻ ചിന്തകൾ മുളയിട്ട ജീവിതനാട്ട്യത്തിനും പട്ടു തിരശീല മറയിട്ടതിന്നതിന്നാരുത്തരം...
ഉത്തരമിതേതിനും ഒന്നുമാത്രം... 
അത് നീ ...നീ തന്നെ...നീ മാത്രം ...
അണയാത്ത കാമമായ് നിന്നെ സുഖിപ്പിക്കും 
കേവലം മാംസപിണ്ഡം ; നിനക്കു ' പെണ്ണ് '.
എങ്കിൽ നീ അറിയുക ; എന്നെ ഞാനായ് കണ്ടൊരു 
ലോകത്തിൻ രൂപവും നീ തന്നെ...
പിച്ചവച്ചോരു കാൽകൾ ഇടറാതെ താങ്ങായി 
അരികത്തണച്ച രൂപമെൻ അച്ഛൻ ...
സ്വപ്നങ്ങളിൽ പറന്നുയരാൻ തുടിച്ചോരു കാലത്ത് 
നിറക്കൂട്ടിനാൽ ചിറകു പകർന്നവൻ എൻ്റെ കൂട്ടുകാരൻ...
സൂര്യകാന്തിപോൽ ഉടൽ മിനുത്തോരു കാലത്ത് 
എൻ അധരങ്ങളിൽ നറുതേൻ വിരിയിച്ചവൻ,
വിലസമാം ചിന്തകൾ തിളയ്ക്കുന്ന യൗവനത്തിൻ 
ഉറുമിയായ്‌ മാറ്റണമെന്നോതിയവൻ,
എൻ മൗനത്തിലുറഞ്ഞോരു കനലായ് തുടങ്ങിയെൻ ജീവനെ -
ആളുന്നോരഗ്നിഗോളമായ് മാറ്റിയവൻ,
മനുഷ്യനെ മനുഷ്യനായ് കാണാൻ പഠിപ്പിച്ച,
മാറ്റത്തിൻ ചുവപ്പിനെ പ്രണയിക്കാൻ പഠിപ്പിച്ച,
കാമത്തിൽ സ്നേഹം നിറയ്ക്കാൻ പഠിപ്പിച്ച ,
എൻ സ്വാതന്ത്യത്തിൻ പേരാണ് അവൻ...
ഉണ്ടായതെങ്ങനെ നിനക്കും അവനും ഒരേ രൂപം ...?
ഒന്ന് മാത്രം അറിക നീ ...
നീ കണ്ടതും, മോഹിച്ചതും, നിൻ കാമാഗ്നിയിൽ എരിച്ചതും 
കേവലം മാംസപിണ്ഡം ...
തൊടാനാകില്ല നിൻ കരങ്ങൾക്ക്, ഒരു പെണ്ണിനേയും ...
തൊടണമെങ്കിൽ ജനിക്കണം നീ അവനായി ...  




Saturday, July 21, 2018

കാത്തിരിപ്പ്

നീയാം തണലിനാൽ ഒതുങ്ങിയ കാല-
മിന്നത്രയും സുരക്ഷിതമായിരുന്നു...
നിൻ കരലാളനമേറ്റ നാളത്രയും; സ്ത്രീയായ് 
പിറന്നതിൽ അഭിമാനമുണ്ടായിരുന്നു...
നിൻ അധരത്തിൻ നറുതേൻ നുണഞ്ഞ നാളത്രയും 
സ്നേഹത്തിൻ മാധുര്യമറിഞ്ഞിരുന്നു...
നിൻ ഇടനെഞ്ചിൻ ചൂടേറ്റ നാളത്രയും 
നിൻ ഹൃദയ താളമായ് അലിഞ്ഞു ചേർന്നിരുന്നു...
നിൻ മൃദു വാണികൾ നൽകിയോരർത്ഥങ്ങൾ 
എന്നിൽ പുതു ലോകങ്ങൾ മെനഞ്ഞിരുന്നു ...
ഉണരില്ല ശ്വാസമെൻ അകതാരിൽ നിന്നുമിനി,
നിൻ അധരത്തിൻ മാധുര്യമറിയും വരെ...
കാത്തിരിപ്പൂ ഇവൾ , എൻ പ്രാണനെ 
ഒരു നോക്കു കാണുവാനായ്...
നിന്നിലേക്കൊന്നായ് അലിഞ്ഞു ചേരുവാനായ്...

Friday, July 13, 2018

അടരുവാൻ വയ്യ

"നിൻറെ ഹൃദയത്തിൽ ഞാനെൻറെ 
ഹൃദയം കൊരുത്തിരിക്കുന്നു,
നിന്നിലഭയം തിരഞ്ഞു പോകുന്നു ...
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനി-
ക്കേതു സ്വർഗ്ഗം വിളിച്ചാലും...
ഉരുകി നിൻ ആത്മാവിനാഴങ്ങളിൽ വീണു 
പൊലിയുമ്പോഴാണെൻറെ സ്വർഗ്ഗം, നിന്നി-
ലടിയുന്നതേ നിത്യസത്യം ..."
                                                                - വി . മധുസൂദനൻ നായർ 
വാക്കുകൾ കൊണ്ട് ജീവിതം കൊത്തിവച്ച പ്രിയ കവിക്ക് ഒരായിരം നന്ദി...

Monday, April 16, 2018

ആസിഫ എവിടെ ???...

    ആസിഫ ആരാണ് ??? 8 വയസ്സ് മാത്രം പ്രായമുള്ള, ഇന്ത്യയിൽ ജനിച്ചു വളർന്ന, മുസ്ലിം മതവിശ്വാസിയായ ഒരു ബാലിക. അതെ ... അത് തന്നെയാണ് അവൾ ചെയ്ത തെറ്റ്. നാനാത്വത്തിൽ ഏകത്വം എന്ന് പോഷ്‌ക്ക് പറഞ്ഞു നടക്കുന്ന നമുക്കിടയിൽ ജനിച്ചു വീണത്... അല്ലാതെ ഒരു തെറ്റും ആ ബാലിക ചെയ്തിട്ടില്ല. എന്നിട്ടും വളരെ ക്രൂരമായ് പീഡനത്തിനിരയായ് കൊലചെയ്യപ്പെട്ടുവെങ്കിൽ നമ്മൾ ആരെ പഴിക്കണം ? ആർക്കു നേരെ വിരൽ ചൂണ്ടണം ? സഞ്ജി റാമിനും കൂട്ടർക്കും നേരെയോ ? അല്ല.. നമ്മൾ വിരൽ ചൂണ്ടേണ്ടത് നമുക്ക് നേരെ തന്നെയാണ്. കാരണം ആസിഫയ്ക്ക് 8 വയസ്സ് പ്രായമുള്ള ആ പിഞ്ചു കുഞ്ഞിന്റെ മുഖം മാത്രം അല്ല.. ദീപിക സിങ്ങിനെയും രമേഷ്‌ കുമാർ ജല്ലയെയും പോലെയുള്ള ഓഫീസർസ് ഇന്ന് വിരളമെങ്കിലും ബാക്കി നില്ക്കുന്നത് കൊണ്ട് ഈ ആസിഫയെ നമ്മൾ തിരിച്ചറിഞ്ഞു. തിരിച്ചറിയപ്പെടാതെ നീതി നിഷേധിക്കപ്പെട്ടു പോയ എത്ര ആസിഫമാർ മുൻപ് മൺമറഞ്ഞു പോയിട്ടുണ്ടാകും.. ആവർത്തിക്കപ്പെടരുതെന്ന് ആഗ്രഹിച്ചാലും ഇനി എത്ര ആവർത്തനങ്ങൾ നമ്മൾ കാണാനിരിക്കുന്നുണ്ടാകും.. ചിലപ്പോൾ ആ ആവർത്തന കഥയിലെ കഥാപാത്രം ഞാൻ തന്നെ ആണെങ്കിലോ ??? ഇത് ഭാരതത്തിലെ ഓരോ സ്ത്രീയും അവളോട് തന്നെ ചോദിക്കേണ്ട ചോദ്യമാണ്..
    നിങ്ങൾ ഒരു വിശ്വാസിയാണോ? എങ്കിൽ ഏത് മതത്തിലാണ് നിങ്ങൾ വിശ്വസിക്കുന്നത്? നിങ്ങൾ ആരാധിക്കുന്ന ദൈവത്തിന്റെ മുന്നിൽ വച്ച് തന്നെ ഒരു പിഞ്ചു കുഞ്ഞിനോട് ഇത്ര ക്രൂരത കാണിച്ചിട്ടും രക്ഷിക്കാതെ കണ്ണടച്ചിരുന്ന ആ രൂപത്തെയാണോ നിങ്ങൾ വിശ്വസിക്കുന്നത്? അപ്പോഴുള്ള വാദം ചിലപ്പോൾ ആസിഫ അന്യമതസ്ഥ ആണെന്നായിരിക്കും. ശെരിയാണ്‌.. ഇവിടെ മനുഷ്യനല്ല... മതത്തിനാണ് പ്രാധാന്യം. അത് കൊണ്ടാണല്ലോ ഇത്രയും ക്രൂരമായ് ഒരു പിഞ്ചുകുഞ്ഞിനോട് പെരുമാറിയവരെ പിന്തുണച്ച് കുറച്ച്പേർ രംഗത്തിറങ്ങിയത്. പിന്തുണച്ചവർ ഒന്നോർത്തില്ല, നാളെ ഒരു ആസിഫ ഉണ്ടെങ്കിൽ അത് ചിലപ്പോൾ അവരുടെ കുടുംബത്തിൽ നിന്നാകാം. ഇത് ഏതെങ്കിലും ഒരു മതത്തെക്കുറിച്ച് മാത്രം അല്ല.. ഇതൊരു സൂചനയാണ്.. നാളെ നിങ്ങളുടെ ദേവാലയത്തിൽ ഇത് പോലൊരു ക്രൂരത നടന്നാൽ അവിടെ നിങ്ങൾ ആരാധിക്കുന്ന ദൈവം കൺ‌തുറന്നു അവളെ രക്ഷിക്കും എന്ന് മോഹിക്കരുത്. കാരണം ഇന്ന് ഇവിടെ ഒരു ദൈവം കണ്ണടച്ചെങ്കിൽ നാളെയും അത് ആവർത്തിക്കപെടുക മാത്രമേ ചെയ്യുകയുള്ളൂ. കാരണം ആ ദൈവത്തെ സൃഷ്ടിച്ചതും ഒരു പ്രത്യേക മതത്തിന്റെ തലവനാക്കിയതും നിങ്ങൾ തന്നെ ആണ്. മറിച്ച് അത് മനുഷ്യനെ സൃഷ്ടിച്ചതെന്ന് നിങ്ങൾ കരുതുന്ന ദൈവമായിരുന്നെങ്കിൽ ഇന്ന് നമുക്കിടയിൽ ആസിഫ ഒരു ചർച്ചയാവില്ലായിരുന്നു.
    ഇന്നലെ ആസിഫയുടെ വാർത്ത അറിഞ്ഞപ്പോൾ നമ്മുടെ ഉള്ളിലുണ്ടായ ഞെട്ടലും കണ്ണിലുണ്ടായ തീയും വെറും ആപേക്ഷികം മാത്രം ആണ്. നമ്മൾ എത്ര വാദിച്ചാലും നാം സുരക്ഷിതരാണെന്ന ബോധം നമ്മുടെ ഉള്ളിൽ ഉണ്ട്. അതാണ് നമ്മുടെ ശത്രു. സംഭവിക്കുന്നതെല്ലാം മറ്റുള്ളവർക്കാണ്.. 'നമ്മൾ വെറും കാഴ്ചക്കാരാണ് ' എന്ന് ചിന്തിക്കുന്നവരാണ് നമ്മളിലേറെയും.. എന്നാൽ "ഞാൻ" സുരക്ഷിതയാണോ എന്ന് ഒന്ന് ചിന്തിച്ചു നോക്കു.. അപ്പോൾ നിന്റെ ഉള്ളിൽ ഒരു ആസിഫയെ നീ കണ്ടെങ്കിൽ പ്രതികരിച്ചു തുടങ്ങണം .. നിന്നിലെ ആസിഫയ്ക്ക് വേണ്ടി തന്നെ . പക്ഷെ എങ്ങനെ പ്രതികരിക്കണം?? സാമൂഹ്യമാധ്യമങ്ങളിൽ കുറിപ്പുകൾ എഴുതിയും ഹർത്താൽ ആഹ്വാനം ചെയ്തും മെഴുകുതിരി കത്തിച്ചും മാത്രം അല്ല നീ പ്രതികരിക്കേണ്ടത് .. അത് ആസിഫയ്ക്ക് വേണ്ടിയുള്ള പ്രതിഷേധം മാത്രം ആണ്. നീ നിനക്ക് വേണ്ടി പ്രതിരിക്കേണ്ടത് നിന്റെ ചിന്താഗതികൾ മാറ്റി എഴുതിക്കൊണ്ടാണ്. 
  നീ നിന്റെ മക്കളെ ഒരു നല്ല മനുഷ്യനാകാൻ മാത്രം പഠിപ്പിക്കു. അവർ  ഗീതയും ബൈബിളും ഖുറാനും പഠിക്കട്ടെ.. അമ്പലത്തിൽ പോയ് തൊഴുന്ന കൈകൾ കൊണ്ട് അവർ നിസ്കരിക്കുകയും ചെയ്യട്ടെ.. ഒരു ഭാഷയും ഒരു മതത്തിന്റെയും വേലിക്കെട്ടിനുള്ളിൽ തളയ്ക്കപ്പെടേണ്ടതല്ല. എന്നിരുന്നാലും അറബിക് ഉറുദു ഭാഷകൾ പഠിക്കുന്നത് ഭൂരിഭാഗവും മുസ്ലീം മതവിശ്വാസികൾ. അത്പോലെ സംസ്കൃതം ആണെങ്കിൽ ഹിന്ദുമത വിശ്വാസത്തിന്റെ അധീനതയിലും... നിങ്ങളുടെ മതഗ്രന്ഥം ഒരു ഭാഷയിൽ രചിക്കപ്പെട്ടാൽ ആ ഭാഷ നിങ്ങളുടെ മാത്രം സ്വത്തായ് മാറുന്നില്ല. അത്കൊണ്ട് നാളത്തെ തലമുറ എല്ലാ ഭാഷകളും പഠിക്കട്ടെ..എല്ലാ മതപരമായ ആഘോഷങ്ങളും എല്ലാവരും ആഘോഷിക്കട്ടെ. എല്ലാത്തിലും ഉപരി അവരെ സ്വന്തമായ് ചിന്തിക്കാൻ അനുവദിക്കൂ. നിങ്ങളുടെ വിശ്വാസങ്ങൾ കുത്തിനിറയ്ക്കാനുള്ള വെറും ഭാണ്ഡങ്ങളായ് അവരെ കാണാതിരിക്കു. അങ്ങനെ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഒരേ മനുഷ്യന്റെ രൂപമാണെന്ന് അവർ തിരിച്ചറിയട്ടെ. ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടത് കൊണ്ട് അവർക്ക് ഒരു വ്യത്യസ്തതയും ഇല്ലെന്ന് അവർ മനസ്സിലാക്കട്ടെ. അത് മനസ്സിലായാൽ മാത്രമേ ഈ കാണുന്ന എല്ലാ മനുഷ്യരെയും സൃഷ്ടിച്ച ദൈവം ഒന്നാണെന്ന് അവർ തിരിച്ചറിയൂ. ആ തിരിച്ചറിവിലാണ് ഇവിടുത്തെ ഓരോ മനുഷ്യന്റെയും സുരക്ഷ.. അല്ലാതെ പീഡനത്തിനിരയായവരുടെ പേരിൽ ഹർത്താൽ നടത്തിയോ പ്രതികളെ തൂക്കിലേറ്റണമെന്ന് വാദിച്ചോ, ഇനി അവരെ തൂക്കിലേറ്റിയാൽ തന്നെയും ഇവിടെ ഒരു മാറ്റവും വരാൻ പോകുന്നില്ല. അതിനുള്ള തെളിവാണ് ആസിഫയ്ക്കെതിരെ നടന്ന ക്രൂരകൃത്യത്തിന്റെ വാർത്തകൾ തണുത്തുറയും മുൻപേ തന്നെ അതേ വയസ്സുള്ള ഒരു കുട്ടി റാഞ്ചിയിൽ പീഡനത്തിനിരയാക്കപ്പെട്ടത്. ചിന്തിച്ചു നില്ക്കാൻ ഇനി സമയമില്ല... നമ്മുടെ കാഴ്ചപ്പാടുകളുടെ ഒരു വിപ്ലവമാണ് ഇന്നത്തെ സമൂഹം ആവശ്യപ്പെടുന്നത്... പറ്റുമെങ്കിൽ മാറി തുടങ്ങാം. അടുത്ത ഒരു ആസിഫയെ എങ്കിലും രക്ഷിക്കാം...


          ...*( ഒരു സ്വപ്നം മാത്രം എന്ന് ബോധ്യമുണ്ട്. എങ്കിലും അനിവാര്യമെന്ന് തോന്നിയത് കൊണ്ട് കുറിക്കുന്നു.)
        

Monday, December 4, 2017

അനശ്വരം എൻറെ പ്രണയം

(...ഒരു പിറന്നാൾ സമ്മാനം...)

വിശ്വവിഖ്യാത ശില്പി ഉണർത്തിയ,
ചാരുശില്പമല്ലെങ്കിലും നിൻ -
വിരൽ തുമ്പിൽ വിടർന്നൊരു സ്നേഹത്താലെഴുതിയ
വെണ്ണക്കൽ ശില്പമാണീ ഇവൾ... 
കറപിടിച്ചൊരീ ലോകത്തിൽ ഞാന-
വിടിവിടെ മുഴച്ചൊരാ മാംസപിണ്ഡത്തിൽ,
കാമം ജനിപ്പിക്കും വെറും കൽ പ്രതിമയാണെങ്കിലും ,
നിൻ ഹൃദയത്തിലോ, സംഗമിച്ചൊന്നായ് ഒഴുകാൻ കൊതിച്ചിടും 
പ്രണയത്തിൻ വറ്റാത്ത നീരുറവയാണെന്നും ഞാൻ.
എന്നെ ഞാനാക്കിയ നിൻറെ മന്ത്രം,
എന്നിൽ എന്നും നിലയ്ക്കാതെ മുഴങ്ങിടട്ടെ...
എന്നും നിൻ ഹൃദയത്തിൻ താളമായ് മാറിടാൻ,
എൻ തന്ത്രികൾ ഒന്നായ് മീട്ടിടട്ടെ ...

Saturday, June 3, 2017

അകലങ്ങൾ

അകലങ്ങൾ മറയിട്ട കാലത്തു നീ എൻ
ഹൃദയത്തിൽ കുറിച്ചൊരു കവിതയായി.
അറിയാതെ എപ്പോഴോ നിൻ സമ്മതം കാക്കാതെ 
നിന്നിലേക്കലിയാൻ ഞാൻ ശ്രമിച്ചു.
നിൻ ഇടനെഞ്ചിൻ ഈണങ്ങൾ,
എന്നുമെൻ രാവുകൾക്കു താരാട്ടുപാട്ടെന്നു ഞാൻ നിനച്ചു.
നീയായ്‌ മാറാൻ കൊതിച്ചവളെങ്കിലും
സമ്മതമില്ലാത്തൊരതിഥിയായി...
ഇന്നറിയുന്നു; ഞാൻ നിനക്കെപ്പോഴും 
അകലങ്ങളിൽ മാത്രം തെളിയും വെറും 
കരിനിഴൽ രൂപം...