Wednesday, October 16, 2013

വിധിയുടെ സഖിയോ പ്രണയം

നിൻ മിഴിപേടയിൽ എഴുതുന്ന നൊമ്പരവീചിതൻ
അലയൊലി കേട്ടു ഞാൻ, എൻ ഹൃദയതന്ത്രിയിൽ തൊട്ടനേരം...
അറിയാതൊഴുകി  ഓർമ്മകൾ ബാഷ്പമായ്
നിൻ മിഴികൾ എന്നെ തലോടിയപ്പോൾ...
പൊയ്പ്പോയ സുന്ദരസ്വപ്‌നങ്ങൾ വിങ്ങലായ്
എൻ ആത്മാവിൽ അറിയതിടറിയപ്പോൾ
അറിഞ്ഞു ഞാൻ അറിയാതെ പോയൊരാ
കൗമാര പ്രണയത്തിൻ മാധുര്യമെൻ സ്വരവീചിയായി...
അകന്നിട്ടും അകലാതറിഞ്ഞുവോ നീ-
യെന്നുമെന്നാത്മാവിൻ ശ്രുതിയായതും
നിൻ അംഗുലി തഴുകിയ തംബുരുവിൽ
ഞാനാ ശ്രുതിതൻ ലയമായ് ഇന്നു മാറിയതും
കാർവണ്ട് തേടിയ പൂവുപോലെന്നും ഞാൻ
നിൻ അകതാരിൽ നിറഞ്ഞെന്നതും
അറിയാതെ പോയി ഞാൻ ഇന്നു വരെ
ഈ ശ്രുതിതൻ ലയമായ് മാറുംവരെ...
എന്തിനോ വേണ്ടി അടുത്തതും നാം
എന്തിനോ വേണ്ടി അകന്നതും നാം
വിധിയുടെ തീരാ നിഴൽക്കൂത്തുകൾ
അറിയാതാടിയ  കോമരങ്ങൾ!!!

Wednesday, October 9, 2013

എന്റെ മയിൽപ്പീലികൾ

  കാലം  എനിക്ക് സമ്മാനിച്ച മയിൽപ്പീലികളെ ഞാൻ എന്റെ മനസിന്റെ മടിച്ചെപ്പിൽ ആരും കാണാതെ ഒളിച്ചുവച്ചുഒരുനാൾ നഷ്ടമാകുമെന്നറിഞ്ഞിട്ടു പോലും അവ ഓരോന്നും സ്നേഹത്തിന്റെ .നിറപ്പകിട്ടേകി ഞാൻ ചേർത്ത് പിടിച്ചു ....
                           പക്ഷെ അതേ കാലത്തിന്റെ ഏതോ വേഷപകർച്ചയിൽ, അവ ഓരോന്നായ്‌ നഷ്ടമാകുമ്പോൾ ഇടറിത്തുടങ്ങിയ എന്റെ തന്ത്രിയിലെ നാദം   ആരും 
തിരിച്ചറിയാതെ പോയ്‌.... ആ ചെപ്പിൽ ഞാൻ ഒളിച്ചുവച്ചത് വെറും മയിൽപ്പീലികളായിരുന്നില്ല...എന്റെ ലോകമായിരുന്നു...
അതും ആരും   അറിഞ്ഞില്ല ...... ഈ ഞാൻ പോലും.....
                         തിമിരം ബാധിച്ചു തുടങ്ങിയ കാലത്തിന്റെ കാഴ്ച്ചകൾക്കപ്പുറം ഞാൻ മറച്ചുവച്ച ഇത്തിരി മയിൽപ്പീലികൾക്കൂടി ഇനി  ബാക്കിയുണ്ട്.ജീവിതത്തിന്റെ നൂലാമാലകൾ എത്രയൊക്കെ മനസ്സിനെ കെട്ടിവരിഞ്ഞാലും എന്റെ ചുണ്ടൊന്നു വിടരാൻ ആ  മയിൽപ്പീലികൾ മാത്രം മതി.സ്നേഹത്തിന്റെ തേനൂറുന്ന ഓര്മകളുംഎങ്ങും ആയിരം മഴവില്ലുകൾ വാരിവിതറി ചിത്രശലഭങ്ങളെപ്പോലെ  പാറിപ്പറന്നു നടന്ന കാലവും... എല്ലാം  അതിൽ മിന്നിമറയുന്ന പോലെ...
                        എവിടെയോ വീണ്ടും പൂത്തുത്തുടങ്ങിയ സൗഹൃദത്തിന്റെ ഗുൽമോഹർ നരബാധിച്ചു തുടങ്ങിയ  ലോകത്ത് ഏഴഴക് വിരിയിക്കും പോലെ !!! ഇനി എനിക്ക് തിരിച്ചു കിട്ടുമോ...നഷ്ടപ്പെട്ട 
എന്റെ മയില്പ്പീലികളും പൂത്തുനിൽക്കുന്ന ഗുൽമോഹറും ...!!!

Monday, September 16, 2013

സന്ധ്യ മയങ്ങും നേരം

 ജപസന്ധ്യ മായുമീ നേരത്തിൽ ഞാനൊരു
പദതാളസ്പന്ദനം കേട്ടുനിന്നു 
അതുകേട്ടുനിന്നൊരീ  പാഴ്മുളം തണ്ടിൽ 
രാപ്പുവിരിഞ്ഞൊരു പൂതിങ്കളായ്...
                                           
                                         
താരാമലർമണം തൂകി അപ്സരസുകൾ 
ഏതോ ഗാഥയിൽ അലിഞ്ഞനേരം...
സൂര്യാംശുതന്നുടെ ചുംബനം മോഹിച്ച 
താമരപെണ്‍കൊടി തളർന്നുറങ്ങി...
                                       
                                         
പൊൻനിലാപ്പൊയ്കയിൽ നീരാടി വാർമതി 
എൻ തന്ത്രിയിൽ മെല്ലെ തഴുകിയപ്പോൾ ...
ആ മൗനരാഗമരീചിയിൽ അലിഞ്ഞുപോയ്‌ 
എൻ മനവും ഹൃത്തും സ്വപ്നങ്ങളും...
                                         

Wednesday, June 26, 2013

ഒരു മഴകാലം

                          ഇതാ ഒരു മഴകാലം കൂടി വന്നെതി...മാനത്തെ വെള്ളിമേഘങ്ങൾക്ക്  കരിനിഴൽ പതിച്ചു തുടങ്ങി...കറുത്ത് മൂടി ഒരു  രക്ഷസീയഭാവം...
ആ കരിനിഴലിൽപെട്ടുഴലുന്ന  ആ വെള്ളിമേഘങ്ങളെ ഇടയ്കിടെ  കാണാം.
എങ്ങും ഇരുട്ടിന്റെ കനം കൂടിവരികയാണ്.
                         ഏതോ ഭയാനകമായ ആപത്ത് വരാൻ പോകുന്നത്പോലെ. പ്രകൃതി നിശ്ചലം! ആ നിശ്ചലതയെ  ഭംഗിച്ചുകൊണ്ട് എവിടെനിന്നോ ഒരിടിമുഴകം...ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് അതാ ഒരു പ്രഭ...
                          പെട്ടെന്ന് ചില്ലകൾ ആടിയുലയാൻ  തുടങ്ങി . പ്രകൃതിയുടെ ആ താണ്ഡവത്തിൽ പുൽകൊടികൾ താണുവണങ്ങിനിന്നു.പെട്ടെന്ന് ശക്തമായ പേമാരി...
                           ഭൂമിയെ തണുപ്പിൻറെ പുതപ്പണിയിച്ച്കൊണ്ട് പെയ്തിറങ്ങുന്ന ആ മഴത്തുള്ളികളെ കാണുമ്പോൾ ആ 
കരിമേഘങ്ങളോട് എന്തോ  ഒരിഷ്ടം തോന്നുന്നു!
                            ഭൂമിയുടെ മടിത്തട്ടിൽ വീണ് ചിന്നിചിതറുന്ന മഴത്തുള്ളികളെ കാണാൻ എന്ത് ഭംഗിയാണ്.തറയിൽ വീണ് ചിതറിയ മുത്തുമണികൾ പോലെ അവ മനസിന് ഒരായിരം നിറകൂട്ടുകൾ സമ്മാനിച്ച് എവിടെക്കോ  പോയ്മറയുന്നു...ആ  മുത്തുമണികൾക്കിടയിൽ ഒരായിരം സ്വപ്‌നങ്ങൾ ഒളിച്ചുവയ്ക്കാൻ  കഴിഞ്ഞെങ്കിൽ...

                                           Monsoon set for above average rainfall in first week



              ‌