Saturday, June 21, 2014

ഓർമ്മകളുടെ പ്രണയം

            എൻറെ ചില്ലുജാലക പടിമേൽ ഇറ്റിറ്റു വീഴുന്ന ഓരോ മഴതുള്ളിയിലും   ഞാൻ എൻറെ സ്വപ്നങ്ങളുടെ ഏഴഴകു നോക്കിനിന്നിരുന്നു. എങ്ങുനിന്നോ വന്ന് എൻറെ മനസിനെയും ഈ മണ്ണിനെയും കുളിരണിയിച്ച് എങ്ങോട്ടോ പോയ്മറയുന്ന ആ മഴതുള്ളിയിൽ ഞാൻ എൻറെ പ്രണയം  കണ്ടു. കാലചക്രത്തിനും അതീതമായി എന്നും യൗവനം  മാത്രം കാത്തുസൂക്ഷിക്കുന്ന സ്നേഹത്തിന്റെ അനശ്വര ഭാവം...രണ്ടു ഹൃദയങ്ങളെ പിരിയാനാകാത്ത വിധം ചേർത്തുവയ്ക്കുന്ന ആ ഇന്ദ്രജാലം എങ്ങിനെ,എപ്പോൾ ,എവിടെ അരങ്ങേറുമെന്നത് പ്രവചനാതീതം...
                     ഒട്ടും നിനയ്ക്കാതെ അറിഞ്ഞതും പറയാതെ പറഞ്ഞതും ആയിരുന്നു ആ പ്രണയം.സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും വർണ്ണക്കൂട്ടുകളാൽ ആയിരം അനശ്വര നിമിഷങ്ങൾ സൃഷ്ടിക്കുന്നൊരു ശില്പിയാണു പ്രണയം...
       ഒരു പുൽക്കൊടിപോലും സൗന്ദര്യലഹരിയിൽ ആറാടുന്ന ഒരു ദിവ്യാനുഭൂതി... രാവും പകലും തമ്മിൽ , കരയും കടലും തമ്മിൽ , ചന്ദ്രനും പൊയ്കയും തമ്മിൽ , സൂര്യനും താമരയും തമ്മിൽ അങ്ങനെ അങ്ങനെ പ്രപഞ്ചത്തിൽ എല്ലാത്തിലും പ്രണയം മാത്രം കാണുന്ന നിമിഷങ്ങൾ...
           എന്നാൽ മൊട്ടിടും മുൻപേ പൊഴിഞ്ഞുവീണ ഒരു വാടാമലരായി പ്രണയം അവശേഷിക്കുമ്പോൾ അവിടെ പൊലിഞ്ഞുവീഴുന്നത് സ്വപ്നങ്ങളാൽ പടുത്തുയർത്തിയ ഒരു ജീവിതമാണ്‌.സത്യത്തിൽ പ്രണയം തനിക്കെന്തായിരുന്നെന്നും അതിന്റെ ആഴമെത്രയെന്നും മനസ്സിലാക്കുന്ന നിമിഷം...ലോകത്തിന്റെ തിക്കിലും തിരക്കിലും തനിച്ചാകുമ്പോൾ അറിയാതാഗ്രഹിക്കും ...ഒരു മാരിയായ് എന്റെ പ്രണയം പെയ്തിറങ്ങിയെങ്കിൽ  ഈ കണ്ണുനീർ അതിൽ മറയ്ക്കാമായിരുന്നെന്ന്... പെയ്തിറങ്ങുന്ന കാർമേഘത്തെ നിറമിഴികളോടെ നോക്കിനിന്ന മയിൽപേടപോലെ  ഞാൻ ഇന്നും ആ മഴത്തുള്ളികൾ നോക്കിനിന്നു...
           എന്നാൽ കാലചക്രം മയ്ച്ചുതുടങ്ങിയ ആ നൊമ്പരത്തെ വീണ്ടും കാണാനിടയാകുമ്പോൾ ഓർമ്മകൾ ഹൃദയത്തെ കീറിമുറിക്കുന്നു...

Wednesday, March 5, 2014

ഞാൻ തേടിയ പ്രണയം

പ്രണയത്തിൻ മൗനസംഗീതമൊഴുകുമീ 
താഴ്വരസീമയിൽ ഞാനേകയായി 
കല്പാന്തകാലമായ് നീ കാത്തുവച്ചൊരാ 
പ്രണയത്തിൻ മാന്ത്രികചെപ്പുതേടി ...
ഒരു ശ്രാവണപ്പുലരിയെൻ കൈക്കുമ്പിളിൽ നേദിച്ച
വാർമഴത്തുള്ളി ഞാൻ നോക്കിനിൽക്കെ- 
ആരോ ചൊല്ലി ആരാരും കാണാതെൻ 
മാനസസരസ്സിൽ ഒളിച്ചുവെപ്പാൻ...
ഇന്നൊരു ശ്രാവണ സംക്രമവേളയിൽ 
ആരോ എൻ കാതിൽ രഹസ്യമോതി...
ഞാൻ തേടും പ്രണയമൊരു പാൽമഞ്ഞുതുള്ളിയായ് 
ഒരു വർഷ മേഘത്തിൻ മാറിൽ ഒളിച്ചതായ്...
അതു കേട്ടു ഞാനെൻറെ പ്രണയത്തെതന്നെയും 
ഒരു സങ്കട കടലിലെ ചെപ്പിനുള്ളിൽ 
ആരാരും കാണാതെ ഒളിച്ചുഞാനെൻ-
സ്വപ്നങ്ങളെയൊരു കാവലാക്കി.
അതുവഴി പഥികയായ് എത്തിയ ഭാദ്രപ്പുലരി-
യെൻ കാതിൽ പതിയെചൊല്ലി...
എൻ പ്രണയത്തെ വേൽക്കാനായ് പാൽമഞ്ഞുതുള്ളിയൊരു 
വർഷമായ് പാരിൽ പെയ്തിറങ്ങി...
അതുകേട്ടു സ്തബ്ധയായ്‌ എൻ കവിൾതടത്തിൽ 
ഇന്നൊരു പ്രണയവർഷം അങ്ങു പെയ്തിറങ്ങി.
ഇന്നു ഞാൻ കാത്തിരിപ്പൂ ഒരു വേളയെ 
സരസ്സും സാഗര സംഗമമായ്...

Wednesday, February 26, 2014

നിൻറെ പ്രണയം

പൂർണേന്ദു ചുംബിക്കും പാൽനിലാപൊയ്കയെൻ
കാൽവിരൽ തുമ്പിലൊരു മന്ത്രമോതി
അതു മെല്ലെ ഇന്നെന്റെ കൈവിരൽ  തുമ്പിലൊരു
പ്രണയത്തിൻ സ്പർശമായ് അങ്ങുമാറി...
സാഗരം നെഞ്ചിൽ ഒളിച്ചൊരു ചിപ്പിയിൽ
നിൻ മുഖപടം ഞാനൊരുനാൾ വരച്ചിരുന്നു.
എങ്കിലും അറിയാതെപോയി ഞാൻ
നിൻ പുസ്തകത്താളിലെ മയിൽ‌പ്പീലി ഞാനെന്നതും...
അറിഞ്ഞീല ഞാൻ, ഇളം  തളിരിനു കാറ്റായി
അലരിനു വണ്ടായി, ഒഴുകുമീ യവനിക ചെപ്പിൽ
ഒളിച്ചൊരു പവിഴമായ്‌ നീയി-
വനികയിൽ എൻ പദം തേടിയെന്നും...
 ഒരു കിന്നരഗീതത്തിൻ മായപോൽ നീയെന്റെ
മൗനവിപഞ്ജിയിൽ  സ്വരമുതിർത്തു...
നിൻ സ്വരരാഗലയമെന്നാത്മാവിലായിരം
സ്വപ്നത്തിൻ കൈത്തിരി നാളമായി...
അതുകണ്ടു നാണിച്ചു പൂർണേന്ദു ഇന്നെന്റെ
കണ്മിഴികോണിൽ  മറഞ്ഞിരുന്നു...
അറിയാതെ ഞാനൊരു മന്ത്രമായ് നിൻ
പ്രണയത്തിൻ നൂപുരധ്വനിയിൽ ഒളിച്ചിരുന്നു...