Wednesday, October 16, 2013

വിധിയുടെ സഖിയോ പ്രണയം

നിൻ മിഴിപേടയിൽ എഴുതുന്ന നൊമ്പരവീചിതൻ
അലയൊലി കേട്ടു ഞാൻ, എൻ ഹൃദയതന്ത്രിയിൽ തൊട്ടനേരം...
അറിയാതൊഴുകി  ഓർമ്മകൾ ബാഷ്പമായ്
നിൻ മിഴികൾ എന്നെ തലോടിയപ്പോൾ...
പൊയ്പ്പോയ സുന്ദരസ്വപ്‌നങ്ങൾ വിങ്ങലായ്
എൻ ആത്മാവിൽ അറിയതിടറിയപ്പോൾ
അറിഞ്ഞു ഞാൻ അറിയാതെ പോയൊരാ
കൗമാര പ്രണയത്തിൻ മാധുര്യമെൻ സ്വരവീചിയായി...
അകന്നിട്ടും അകലാതറിഞ്ഞുവോ നീ-
യെന്നുമെന്നാത്മാവിൻ ശ്രുതിയായതും
നിൻ അംഗുലി തഴുകിയ തംബുരുവിൽ
ഞാനാ ശ്രുതിതൻ ലയമായ് ഇന്നു മാറിയതും
കാർവണ്ട് തേടിയ പൂവുപോലെന്നും ഞാൻ
നിൻ അകതാരിൽ നിറഞ്ഞെന്നതും
അറിയാതെ പോയി ഞാൻ ഇന്നു വരെ
ഈ ശ്രുതിതൻ ലയമായ് മാറുംവരെ...
എന്തിനോ വേണ്ടി അടുത്തതും നാം
എന്തിനോ വേണ്ടി അകന്നതും നാം
വിധിയുടെ തീരാ നിഴൽക്കൂത്തുകൾ
അറിയാതാടിയ  കോമരങ്ങൾ!!!

Wednesday, October 9, 2013

എന്റെ മയിൽപ്പീലികൾ

  കാലം  എനിക്ക് സമ്മാനിച്ച മയിൽപ്പീലികളെ ഞാൻ എന്റെ മനസിന്റെ മടിച്ചെപ്പിൽ ആരും കാണാതെ ഒളിച്ചുവച്ചുഒരുനാൾ നഷ്ടമാകുമെന്നറിഞ്ഞിട്ടു പോലും അവ ഓരോന്നും സ്നേഹത്തിന്റെ .നിറപ്പകിട്ടേകി ഞാൻ ചേർത്ത് പിടിച്ചു ....
                           പക്ഷെ അതേ കാലത്തിന്റെ ഏതോ വേഷപകർച്ചയിൽ, അവ ഓരോന്നായ്‌ നഷ്ടമാകുമ്പോൾ ഇടറിത്തുടങ്ങിയ എന്റെ തന്ത്രിയിലെ നാദം   ആരും 
തിരിച്ചറിയാതെ പോയ്‌.... ആ ചെപ്പിൽ ഞാൻ ഒളിച്ചുവച്ചത് വെറും മയിൽപ്പീലികളായിരുന്നില്ല...എന്റെ ലോകമായിരുന്നു...
അതും ആരും   അറിഞ്ഞില്ല ...... ഈ ഞാൻ പോലും.....
                         തിമിരം ബാധിച്ചു തുടങ്ങിയ കാലത്തിന്റെ കാഴ്ച്ചകൾക്കപ്പുറം ഞാൻ മറച്ചുവച്ച ഇത്തിരി മയിൽപ്പീലികൾക്കൂടി ഇനി  ബാക്കിയുണ്ട്.ജീവിതത്തിന്റെ നൂലാമാലകൾ എത്രയൊക്കെ മനസ്സിനെ കെട്ടിവരിഞ്ഞാലും എന്റെ ചുണ്ടൊന്നു വിടരാൻ ആ  മയിൽപ്പീലികൾ മാത്രം മതി.സ്നേഹത്തിന്റെ തേനൂറുന്ന ഓര്മകളുംഎങ്ങും ആയിരം മഴവില്ലുകൾ വാരിവിതറി ചിത്രശലഭങ്ങളെപ്പോലെ  പാറിപ്പറന്നു നടന്ന കാലവും... എല്ലാം  അതിൽ മിന്നിമറയുന്ന പോലെ...
                        എവിടെയോ വീണ്ടും പൂത്തുത്തുടങ്ങിയ സൗഹൃദത്തിന്റെ ഗുൽമോഹർ നരബാധിച്ചു തുടങ്ങിയ  ലോകത്ത് ഏഴഴക് വിരിയിക്കും പോലെ !!! ഇനി എനിക്ക് തിരിച്ചു കിട്ടുമോ...നഷ്ടപ്പെട്ട 
എന്റെ മയില്പ്പീലികളും പൂത്തുനിൽക്കുന്ന ഗുൽമോഹറും ...!!!