Saturday, February 21, 2015

ബാല്യം

നീലാകാശചെരുവിലെ നൗകയിലേറി
ആ മേഘശലഭങ്ങളെ പുൽകിയ ബാല്യം 
നല്ലിളം പൂക്കളെ തഴുകിത്തലോടിയോരീ-
ഇളം മഴത്തുള്ളിയിൽ കുതിർന്നൊരു ബാല്യം 
കാമന്റെ കണ്ണിലെ കുന്നിക്കുരുവിനെ ചേർത്തു
പേരുചൊല്ലിവിളിച്ചൊരു ബാല്യം...
ആകാശനീലിമചാലിച്ച ചോലയിൽ 
ഒരു കടലാസുതോണി തുഴഞ്ഞൊരു കാലം 
അമ്മതൻ സ്നേഹത്തിലറിയാതലിഞ്ഞ-
ങ്ങുറക്കത്തിൻ തേരിലേറിയാ നേരം...
അറിയാതെപോയി ഞാൻ, ഇനി ഉണരാ-
നെനിക്കില്ലൊരു സുവർണകാലം...

Monday, February 16, 2015

ഏകാന്തയാമം

ഏകാന്തത തൻ വഴിയോരത്തു ഞാനൊരു 
വേഴാമ്പലായ് തനിച്ചിരിക്കെ 
യാമം തണലേകിയാ പാഴ്മരച്ചോട്ടിലെ 
പുൽക്കൊടി തൻ അശ്രു നോക്കിനിന്നു...
മരവിച്ച ഓർമ്മകൾ കാർമേഘമായ് 
അന്ത്യയാമത്തിൽ പതിയെ ഒഴുകിയെത്തി 
എൻ കണ്ഠമറിയാതിടറിയ നേരത്താ 
മഴത്തുള്ളിയെൻ ഇമകൾ പുൽകി 
പെയ്തൊഴിഞ്ഞാകാശ ചെരുവിലൊരു 
രത്നതിലകമായ് പുലർകാലം ഉദിച്ചുയർന്നു 
പൊയ്മുഖങ്ങൾ പെരുകുമീ ലോകത്തിൽ ഞാൻ 
കേവലം തുഷാരബിന്ദുവായ് മറഞ്ഞിരിക്കും 
                           ഇനി എന്നും മറഞ്ഞിരിക്കും ...