Wednesday, February 26, 2014

നിൻറെ പ്രണയം

പൂർണേന്ദു ചുംബിക്കും പാൽനിലാപൊയ്കയെൻ
കാൽവിരൽ തുമ്പിലൊരു മന്ത്രമോതി
അതു മെല്ലെ ഇന്നെന്റെ കൈവിരൽ  തുമ്പിലൊരു
പ്രണയത്തിൻ സ്പർശമായ് അങ്ങുമാറി...
സാഗരം നെഞ്ചിൽ ഒളിച്ചൊരു ചിപ്പിയിൽ
നിൻ മുഖപടം ഞാനൊരുനാൾ വരച്ചിരുന്നു.
എങ്കിലും അറിയാതെപോയി ഞാൻ
നിൻ പുസ്തകത്താളിലെ മയിൽ‌പ്പീലി ഞാനെന്നതും...
അറിഞ്ഞീല ഞാൻ, ഇളം  തളിരിനു കാറ്റായി
അലരിനു വണ്ടായി, ഒഴുകുമീ യവനിക ചെപ്പിൽ
ഒളിച്ചൊരു പവിഴമായ്‌ നീയി-
വനികയിൽ എൻ പദം തേടിയെന്നും...
 ഒരു കിന്നരഗീതത്തിൻ മായപോൽ നീയെന്റെ
മൗനവിപഞ്ജിയിൽ  സ്വരമുതിർത്തു...
നിൻ സ്വരരാഗലയമെന്നാത്മാവിലായിരം
സ്വപ്നത്തിൻ കൈത്തിരി നാളമായി...
അതുകണ്ടു നാണിച്ചു പൂർണേന്ദു ഇന്നെന്റെ
കണ്മിഴികോണിൽ  മറഞ്ഞിരുന്നു...
അറിയാതെ ഞാനൊരു മന്ത്രമായ് നിൻ
പ്രണയത്തിൻ നൂപുരധ്വനിയിൽ ഒളിച്ചിരുന്നു...