Wednesday, March 5, 2014

ഞാൻ തേടിയ പ്രണയം

പ്രണയത്തിൻ മൗനസംഗീതമൊഴുകുമീ 
താഴ്വരസീമയിൽ ഞാനേകയായി 
കല്പാന്തകാലമായ് നീ കാത്തുവച്ചൊരാ 
പ്രണയത്തിൻ മാന്ത്രികചെപ്പുതേടി ...
ഒരു ശ്രാവണപ്പുലരിയെൻ കൈക്കുമ്പിളിൽ നേദിച്ച
വാർമഴത്തുള്ളി ഞാൻ നോക്കിനിൽക്കെ- 
ആരോ ചൊല്ലി ആരാരും കാണാതെൻ 
മാനസസരസ്സിൽ ഒളിച്ചുവെപ്പാൻ...
ഇന്നൊരു ശ്രാവണ സംക്രമവേളയിൽ 
ആരോ എൻ കാതിൽ രഹസ്യമോതി...
ഞാൻ തേടും പ്രണയമൊരു പാൽമഞ്ഞുതുള്ളിയായ് 
ഒരു വർഷ മേഘത്തിൻ മാറിൽ ഒളിച്ചതായ്...
അതു കേട്ടു ഞാനെൻറെ പ്രണയത്തെതന്നെയും 
ഒരു സങ്കട കടലിലെ ചെപ്പിനുള്ളിൽ 
ആരാരും കാണാതെ ഒളിച്ചുഞാനെൻ-
സ്വപ്നങ്ങളെയൊരു കാവലാക്കി.
അതുവഴി പഥികയായ് എത്തിയ ഭാദ്രപ്പുലരി-
യെൻ കാതിൽ പതിയെചൊല്ലി...
എൻ പ്രണയത്തെ വേൽക്കാനായ് പാൽമഞ്ഞുതുള്ളിയൊരു 
വർഷമായ് പാരിൽ പെയ്തിറങ്ങി...
അതുകേട്ടു സ്തബ്ധയായ്‌ എൻ കവിൾതടത്തിൽ 
ഇന്നൊരു പ്രണയവർഷം അങ്ങു പെയ്തിറങ്ങി.
ഇന്നു ഞാൻ കാത്തിരിപ്പൂ ഒരു വേളയെ 
സരസ്സും സാഗര സംഗമമായ്...