Monday, December 4, 2017

അനശ്വരം എൻറെ പ്രണയം

(...ഒരു പിറന്നാൾ സമ്മാനം...)

വിശ്വവിഖ്യാത ശില്പി ഉണർത്തിയ,
ചാരുശില്പമല്ലെങ്കിലും നിൻ -
വിരൽ തുമ്പിൽ വിടർന്നൊരു സ്നേഹത്താലെഴുതിയ
വെണ്ണക്കൽ ശില്പമാണീ ഇവൾ... 
കറപിടിച്ചൊരീ ലോകത്തിൽ ഞാന-
വിടിവിടെ മുഴച്ചൊരാ മാംസപിണ്ഡത്തിൽ,
കാമം ജനിപ്പിക്കും വെറും കൽ പ്രതിമയാണെങ്കിലും ,
നിൻ ഹൃദയത്തിലോ, സംഗമിച്ചൊന്നായ് ഒഴുകാൻ കൊതിച്ചിടും 
പ്രണയത്തിൻ വറ്റാത്ത നീരുറവയാണെന്നും ഞാൻ.
എന്നെ ഞാനാക്കിയ നിൻറെ മന്ത്രം,
എന്നിൽ എന്നും നിലയ്ക്കാതെ മുഴങ്ങിടട്ടെ...
എന്നും നിൻ ഹൃദയത്തിൻ താളമായ് മാറിടാൻ,
എൻ തന്ത്രികൾ ഒന്നായ് മീട്ടിടട്ടെ ...

Saturday, June 3, 2017

അകലങ്ങൾ

അകലങ്ങൾ മറയിട്ട കാലത്തു നീ എൻ
ഹൃദയത്തിൽ കുറിച്ചൊരു കവിതയായി.
അറിയാതെ എപ്പോഴോ നിൻ സമ്മതം കാക്കാതെ 
നിന്നിലേക്കലിയാൻ ഞാൻ ശ്രമിച്ചു.
നിൻ ഇടനെഞ്ചിൻ ഈണങ്ങൾ,
എന്നുമെൻ രാവുകൾക്കു താരാട്ടുപാട്ടെന്നു ഞാൻ നിനച്ചു.
നീയായ്‌ മാറാൻ കൊതിച്ചവളെങ്കിലും
സമ്മതമില്ലാത്തൊരതിഥിയായി...
ഇന്നറിയുന്നു; ഞാൻ നിനക്കെപ്പോഴും 
അകലങ്ങളിൽ മാത്രം തെളിയും വെറും 
കരിനിഴൽ രൂപം...

Sunday, April 2, 2017

തൊട്ടാവാടി

ആഴമറിയാത്ത സ്നേഹം ഞാൻ നിനക്കായ് എന്നും കരുതിവച്ചു.
നിന്നെ തഴുകിയ നേരത്തു പൊടിഞ്ഞൊരാ ചുവപ്പിലും,
പ്രണയമെന്നു ഞാൻ നിനച്ചു...
അറിഞ്ഞില്ല ഞാൻ; എൻ പ്രണയം നിനക്കെന്നും
അകലെയായിരുന്നുവെന്ന്...
അനുവാദമില്ലാതെത്തിയൊരതിഥിയായ് തോന്നിയെന്ന്...
അറിയുന്നു ഞാൻ, നിൻ വാടിയൊരിലകളിൽ പതിഞ്ഞതെൻ,
                                                                                                നിശ്വാസമെന്ന്...
ഇനി എന്തിനീ ശ്വാസമെന്നിൽ,
വരും ജന്മം നിനക്കായ് പിറക്കാം,
ഒരു തൊട്ടാവാടിയായി...
നീ പ്രണയിക്കും ഒരു തൊട്ടാവാടിയായി...