Sunday, December 4, 2016

നക്ഷത്ര കിന്നരൻ

മഴപെയ്ത രാവിൻ മടിയിൽ മയങ്ങി ഞാൻ
ഒരു സ്വപ്നലോകത്തെ നോക്കിനിന്നു.
മധുമാസരാവിന്റെ ഇടനാഴിയിൽ ഒരു 
നക്ഷത്ര കിന്നരനെ തിരഞ്ഞുനിന്നു.
കണ്ടില്ല ഞാൻ നിന്നെ ഇതുവരെ, കണ്ടതോ-
ജീവിതാക്രോശത്തിൻ പുകമറ മാത്രം.
ഒളിമങ്ങാത്ത രാവിന്റെ വാതാലയങ്ങളാ-
കരിനിഴൽ പാടിനാലടഞ്ഞിരുന്നു...
പലവഴി പിരിയുമീ പൊയ്കതൻ ശാഖയിൽ,
ഒന്നിന്റെ ഓളങ്ങൾ നോക്കി ഞാനും നടന്നു ദൂരെ...
ഇതളിട്ടു പുഷ്പ്പങ്ങളെതിരേറ്റു വസന്തത്തെ,
ശിശിരമോ കുളിർകാറ്റിൽ നിറഞ്ഞുനിന്നു.
സ്വപ്ന സരോവരതീരത്തു ഞാൻ നിൻ 
പ്രണയമാം ഈറനണിഞ്ഞു നിൽക്കെ,
അറിയാതെ പറയാതെ പുറകിലൂടെത്തി നീ
കുളിർകാറ്റായ് എന്നെ പുണർന്നു നിന്നു.
നിൻ അംഗുലികൾ തീർത്ത പൊന്നരഞ്ഞാണിനാൽ 
ഞാനാ വിരിമാറിൽ അലിഞ്ഞുപോയ്.
അരുണകിരണങ്ങൾ തഴുകുമീ താമരയിതൾ പോലെ
നിൻ പ്രണയമെൻ മേനി പുണർന്നിടുമ്പോൾ;
കണ്ടു ഞാൻ നിൻ ഹൃദയത്തിൽ,
ഇന്നോളം തേടിയൊരാ നക്ഷത്രകിന്നരനെ.
നിൻ കിന്നരഗീതികൾ എന്നിൽ ഉയരണം
ഒരു നാളിലെൻ പ്രാണനകലും വരെ.

Tuesday, September 20, 2016

കനലുറഞ്ഞ മനം

ഇരുൾമൂടി അടഞ്ഞൊരാ ജാലകചില്ലുകൾ;
വീണ്ടുമെൻ മുന്നിൽ തുറന്നിടുമ്പോൾ,
ഓർമ്മതൻ കനലുകൾ വിതറിയ വീഥികൾ
മൈലുകൾ നീണ്ടുകിടന്നിടുന്നു.
സ്നേഹം തൊട്ടുണർത്തിയാ മിഴികളിന്നാ-
ദ്രതതൻ നീലിമയിൽ മറഞ്ഞിടുമ്പോൾ
വീണ്ടുമോരാശതൻ കായാമ്പൂ വിരിയുന്നു,
എൻ പ്രണയത്തെ ഒരു നോക്കു കാണുവാനായ്.
സൂര്യൻ വെടിഞ്ഞൊരീ താമരയിതളിനുണ്ടോ
ഇനി ആയുസ്സിൻ ബാക്കിപത്രം...

Friday, May 20, 2016

എന്നും നിൻ വാടാമലർ

നഷ്ടസ്വപ്‌നങ്ങൾ കുതിർത്തൊരാ രാവിലെൻ 
കൺകോണിലായിരം വർണ്ണങ്ങൾ വിതറിയ ശലഭമേ...
വർണ്ണങ്ങൾ നരയുടെ കയ്പ്പുനീർ ചൂടാതെ 
നിന്നെയെൻ മാറിൽ അണച്ചിടട്ടെ.
ആയിരം ജ്വാലകൾ എരിയുന്ന മനസ്സിനുൾ-
ക്കുളിരായ് നീ മാറിയെങ്കിൽ...
മൂടുപടം തീർത്തൊരീ അട്ടഹാസങ്ങളിൽ 
നേരിൻ നറുപുഞ്ചിരിയായ് നീ മാറിയെങ്കിൽ...
ചൂടട്ടെ ഞാനീ വാടാമലരിതൾ എൻ മുടിയിഴകളിൽ 
എന്നും നിൻ സ്നേഹമായ്.
കാലങ്ങൾ പണിതീർത്ത കോലങ്ങൾ മാറട്ടെ
മാറ്റത്തിൻ ധ്വനികളിൽ ലോകം ചിരിക്കട്ടെ.
ആ ധ്വനികളെൻ കാതിൽ നിൻ 
സ്നേഹമായ് വിടർന്നെങ്കിൽ
അന്നു ഞാൻ മാറിടാം; 
നിൻ മാറിൽ മയങ്ങുമൊരു വാടാമലരായ്...

Friday, April 22, 2016

സ്വപ്നത്തിൻ സീമകൾ

 എൻ അധരത്തിൽ കൊഴിഞ്ഞൊരു നറുതേൻമലർ 
നിൻ ഹൃദയത്തിൽ വീണലിഞ്ഞിരുന്നോ...
ഒരു വേളയെങ്കിലും കൊഴിഞ്ഞൊരാ ഇതളിൻറെ
സ്വപ്‌നങ്ങൾ നീ അറിഞ്ഞിരുന്നോ...
പൂമണം നിറയുന്ന തിങ്കളായ്‌ നീ എന്നിൽ 
ആയിരം സ്വപ്‌നങ്ങൾ വിടർത്തിയപ്പോൾ 
ഒരു താമരനൂലിഴയിൽ തിളങ്ങിയ മഴത്തുള്ളിയായ് 
എൻ ഹൃദയകോണിൽ നീ അലിഞ്ഞു.
നിമിഷങ്ങൾ ആയിരം സ്വപ്നങ്ങളായ് വിടർന്നപ്പോൾ 
നിനവിൻറെ പൊയ്മുഖം ഞാൻ മറന്നു.
ഒരു താപസൂര്യൻറെ രശ്മിയിൽ പിടയുമ്പോൾ 
ഇന്നറിവൂ ഞാൻ; എൻ സ്വപ്‌നങ്ങൾ തൻ സീമകൾ...

Saturday, March 12, 2016

തെറ്റ്

പെരുകുന്ന സ്വപ്നങ്ങളും കുതിക്കുന്ന മനവും
കേട്ട പിൻവിളികളിൽ നിലയ്ക്കാത്ത യാത്ര...
യാത്ര ആരംഭിച്ചത് ഒരു ചോദ്യത്തിൽ നിന്നായിരുന്നു;
"അമ്മേ... ഭൂമിയിൽ സ്വർഗം എവിടെയാണ്???"
യാത്രയുടെ വേഗം കൂടിയിരിക്കുന്നു...
മാളികയും മണിമഞ്ചലും ഭൃത്യരും,
ആ മൂഢ സ്വർഗത്തിൽ അവൻ ഏകനായ് വാഴുന്നു...
ഇന്ന് അവന്റെ ചോദ്യത്തിന് ഉത്തരമേകാൻ, 
ആരെയും കണ്ടില്ല...
എങ്കിലും അവൻ അറിയുന്നു;
അന്ന് തന്നെ മാറോടണച്ച പുഞ്ചിരിയിൽ വിടർന്നൊരു, 
വാത്സല്യ പുഷ്പ്പമായിരുന്നു ആ സ്വർഗം...
സ്വപ്നങ്ങളിൽ സ്വർഗം മെനയുമീ തെറ്റുകൾ തുടരുമ്പോൾ...
ഒരു നിമിഷം കൊതിപ്പൂ  ഞാൻ;
അവൻ ഒരിക്കലും എന്നിൽ ഉണരാതിരിക്കട്ടെ...

Thursday, February 25, 2016

നീ അറിഞ്ഞ മൗനം

പാടാതെ എന്നുള്ളം കാത്തുസൂക്ഷിച്ചൊരു
മധുരസംഗീതമായിരുന്നു നിൻ പ്രണയം.
മാധുവാണികൾ പിന്നിട്ട വഴികളിൽ നീ മറന്നൊരാ-
മൗനത്തിൻ പേരായിരുന്നു പ്രണയം.
അഴകെഴും നിശാശലഭമായ് എന്നുള്ളിൽ 
ആയിരം മൺചിരാതിൻ തിരി നാളം കൊളുത്തിയ 
വാചാലനും നീ; പ്രണയമേ...
ഒടുവിലാ മധുരമെൻ അധരത്തിൽ നിന്നുമാ 
ഹൃദയത്തിലേക്കു നീ പകർന്നപ്പോൾ, 
ഒരീറൻ നിലാവിൻ കുളിരലകൾ എന്നിൽ ഉണർത്തിയൊ-
രിളം കാറ്റയിരുന്നു നിൻ പ്രണയം.
എന്നിലെ അക്ഷര ശില്പങ്ങളിൽ കവിതതൻ 
ചിറകു പണിതൊരാ ശില്പിയും നീ മാത്രമെന്നറിയുക.
ഇനിയൊരു ശില്പമുണ്ടാവതെങ്ങനെയാ-
അംഗുലിതൻ മന്ത്രമുണരും വരെ...

Thursday, January 14, 2016

സ്വപ്നത്തിൻ ബാഷ്പബിന്ദു

ഒരു വേള മറഞ്ഞു നിന്നീ-
ഇരുളിൻ വെളിച്ചത്തെ കാണാൻ 
കൊതിച്ചുപോയെൻ മനം.
ആയിരം സ്വപ്‌നങ്ങൾ മെനയുമീ രാത്രിയിൽ 
തനിയെ പകച്ചു പോയൊരാ നിമിഷം, 
വെറുമൊരു സ്വപ്നത്തിൽ തുടിച്ചൊരാ ഹൃദയത്തിൻ 
സ്പന്ദനം കേൾക്കാൻ കൊതിച്ചുപോയി 
കാതോർത്തിരുന്നുപോയി...
എങ്കിലും നിനയ്ക്കുന്നു;
ചൂടേറ്റുറങ്ങിയ സ്വപ്‌നങ്ങളാ-
സ്പന്ദനം, 
എൻ കൺതടത്തിൽ വിരിഞ്ഞൊരു പൂവായ് മറച്ചെങ്കിൽ.
കണ്ണീരിൻ നനവിനാൽ എന്നുള്ളിൽ 
ഒരു പേമാരിയായ് പെയ്തുതോരട്ടെ നീ ഇനിയെന്നും.