Tuesday, August 18, 2015

ജ്വലിക്കുന്ന പൂക്കൾ

             തേനൂറും മാധുര്യത്തിനപ്പുറം, നീറുന്ന വേദനയുടെ കയ്പ്പുനീർ സമ്മാനിക്കുന്ന വെറും 'മിഥ്യ' മാത്രമായിരിക്കുന്നു സ്നേഹം. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന മനസ്സുകൾ, ആ മാന്ത്രികക്കൂട്ടിൽ ഒളിഞ്ഞിരിക്കുന്ന മായാജാലക്കാരനെ കാണുന്നില്ല. അവന്റെ മായയിൽ, മനസ്സിന്റെ താളം തെറ്റിക്കുന്ന വേദനയും മൂടുപടത്താൽ മറയ്ക്കപ്പെടുന്നു.ആ വേഷപ്പകർച്ചകൾ ഹൃദയത്തെ കാർന്നുതിന്നുന്നു.
             ബന്ധങ്ങൾ ബന്ധനങ്ങളാക്കപ്പെടുന്ന നിമിഷങ്ങൾ... ആ ബന്ധനങ്ങളുടെ ചങ്ങലപ്പൂട്ടിലകപ്പെട്ട് ശ്വാസം നിലയ്ക്കാറായിരിക്കുന്നു മനസ്സിന്. സ്നേഹം എന്നും തീക്ഷ്ണമാണ്. അതിന്റെ തീക്കനലാൽ സ്വപ്‌നങ്ങൾ വെന്തെരിയുമ്പോൾ, പുകമറയിൽ ഒളിപ്പിച്ച വെറും പാഴ്വസ്തുവാകുന്നു, ജീവിതം. ആ നിസ്സഹായാവസ്ഥ നോക്കി ആർത്തട്ടഹസിക്കുന്ന ഈ ലോകവും, അതേ സ്നേഹത്തിന്റെ സൃഷ്ടി എന്നു കരുതുന്ന ഒരു പറ്റം മനുഷ്യരുടെ ഭ്രാന്തൻ ചിന്തകൾക്കിടയിൽ, ഈ മനസ്സും സ്നേഹത്തിന്റെ വേലിയേറ്റങ്ങളുടെ ഭ്രാന്തൻ നാടകശാലയാകുന്നു.
             എല്ലാവരും അന്വേഷിക്കുന്നത് ഈ ലോകം എങ്ങനെ ഉണ്ടായി എന്നാണ്. എന്നാൽ ഞാൻ ചോദിക്കുന്നു "ഈ ലോകം എന്തിനുണ്ടായി?". സ്നേഹിക്കാൻ പഠിപ്പിച്ച മതഗ്രന്ഥങ്ങൾ, അതേ സ്നേഹത്തിന്റെ കനലെരിയുന്ന തീച്ചൂളകൾ ധർമ്മത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മറച്ചപ്പോൾ, അവശേഷിച്ചത് ഛായക്കൂട്ടുകളാൽ മിനുക്കിയെടുത്ത കുറേ കഥാപാത്രങ്ങൾ മാത്രം. അതെ, ജീവിതം എന്ന നൂൽപ്പാലത്തിലൂടെ യാന്ത്രികമായ്‌ നീങ്ങുന്ന കുറേ മനസ്സുകൾ. ഈ യന്ത്രവത്കൃത ലോകത്ത് ഇനിയും സ്നേഹത്തിന്റെ മുൾക്കിരീടമണിയാൻ മനസ്സിന് ക്ഷമതയില്ലാതെയായിരിക്കുന്നു.
സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും വേദനയായിക്കരുതിയ ആ മഹാനുഭാവന്; സ്വപ്നങ്ങളുടെ കൂട്ടുകാരന് ഞാൻ എൻറെ സ്വപ്‌നങ്ങൾ സമർപ്പിക്കുന്നു. കനലെരിയുന്ന ആ സ്വപ്‌നങ്ങൾ ഇന്ന് എന്നിലും അഗ്നിച്ചിറകുകൾ വിടർത്തുന്നു.

Tuesday, August 11, 2015

മരണമേ നിന്നെ തേടി

കുഞ്ഞിളം ചുണ്ടിൽ തെളിഞ്ഞൊരീ
നറുതേൻ തുളുമ്പുന്ന കനിയായിരുന്നോ ഈ ജീവിതം
അതോ, ആരോ എഴുതിയ കരിമഷിക്കോണിലെ
കദനത്തിൻ കാർമേഘമായിരുന്നോ...
രാവും പകലും ഋതുക്കളും മാറുന്ന
മായാപ്രപഞ്ചത്തിൻ മായയോ ജീവിതം...
മഞ്ഞും മഴയും മാരിവില്ലും, പിന്നെ
പതിയെ തുറക്കാനിരിക്കുമീ ഏടുകളും...
എന്തിനീ യാന്ത്രിക യാമങ്ങളെന്നു ഞാൻ
എന്നോടു ചോദിച്ച നിമിഷം
അന്നായിരുന്നു ആ ശവകുടീരം എൻ
മനസ്സിൻ കോണിൽ പണിതീർത്ത നാൾ...
ജീവിതമരീചിതൻ ചോലയിൽ വഴിയറിയാതുഴലും
വെറും കരിയില ചീന്തു നീ ലോകമേ ...
മിഥ്യതൻ ലോകത്തിൽ സത്യമായ് മറഞ്ഞതോ
മരണമെന്ന ചാരുശില്പം മാത്രം...
ഓരോ പുൽക്കൊടിയും ജനിപ്പതു
മരണത്തിൻ മധുരം നുകരാൻ മാത്രം...
നിമിഷം മരിക്കുന്നു
നിമിഷം മെനഞ്ഞൊരീ ജീവിതം മരിക്കുന്നു
ഒടുവിലീ ലോകം മരണത്തിൻ മധുരം നുകരുന്നു.