Friday, April 17, 2020

ഭ്രഷ്ട്

പണ്ടൊരു ലോകമുണ്ടായിരുന്നു അന്ന്
കിളികൾതൻ മൊഴികൾ കേട്ടിരുന്നു...
വിശപ്പിൻ വിളികൾ വളർത്തിയൊരന്നമായ്‌ 
വയലുകൾ പച്ചവിരിച്ചിരുന്നു...
മേടമാസച്ചൂടേറിയ നാളെന്നെ 
മാറോടണച്ചൊരാലിരുന്നു...
എൻ അധരങ്ങൾ വരണ്ടൊരു നാളിൽ 
മലകൾ ഒഴുക്കിയ നീർച്ചാലുകൾ ഉണ്ടായിരുന്നു...
പഞ്ഞമാസത്തിലെ പേമാരിതൻ ചിണുങ്ങുകൾ 
ചിങ്ങമാസത്തിലും കേട്ടിരുന്നു...
ഋതുഭേദങ്ങൾ അണിയിച്ചൊരുക്കിയ 
ദേവിയെ പോലൊരു പ്രകൃതി ഉണ്ടായിരുന്നു.
ഒരു നാൾ വളർന്നെൻറെ ദംഷ്ട്രകൾ അവളുടെ 
മാറിലേക്കൂന്നി രക്തമൂറ്റി.
വയലുകൾ പോയ് ..നീർച്ചാലുകൾ വറ്റി ..
എങ്ങും തീ ചൂളകൾ ഞാൻ വളർത്തി.
പെരുകുന്ന പണമെന്നെ ആഢ്യനായ് വാഴിച്ചു
എന്നിലെ എന്നെ ഞാൻ മറന്നു.
ഒരു നാളിൽ അവളുടെ ഗർജ്ജനം കേട്ടു ഞാൻ 
പേടിച്ചരണ്ടൊരു കൂടൊരുക്കി...
ഓടി ഒളിച്ചു ഞാൻ ആ കൂട്ടിനുള്ളിൽ
ദിനരാത്രങ്ങൾ പോയ്മറഞ്ഞു.
വീണ്ടും ആരോ മുട്ടി വിളിച്ചെൻറെ വാതിലിൽ,
കേട്ടു മറന്നൊരാ ഈണവുമായ്...
കിളികളും പുഴകളും തണലേകിടും മരങ്ങളും 
എല്ലാം തിരികെ എത്തിയെന്ന്...
എങ്കിലും കണ്ടു ഞാൻ പഴയൊരാ മുറിവിൻറെ 
കാലം മായ്ക്കാത്ത പാടുകളെ...
പാശം കണക്കതെന്നെ വരിഞ്ഞുമുറുക്കുന്നു,
പിടയുന്നു ഞാൻ ജീവശ്വാസത്തിനായ്...
എവിടെ പോയ് പ്രകൃതി എന്നലറി ഞാൻ ഉച്ചത്തിൽ 
ശാപം കിട്ടിയോരസുരനെപോൽ...
ആരോ അടക്കം പറയുന്നു കാതിൽ 
"ഭ്രഷ്ട് കല്പിച്ചിരിക്കുന്നു നിനക്ക്...
നീ നിൻറെ കൂട്ടിൽ തനിയെ വാഴുക.
ആർത്തിതൻ അജ്ഞത മാറും വരെ...
കാണേണ്ട നീ എൻ സ്നേഹത്തിൻ കാന്തിയും 
കേൾക്കേണ്ട എൻ ലാളനയൂറുന്ന താരാട്ടിൻ മൊഴികളും 
അന്യമാണു നിനക്കു നിൻ പ്രണയം പോലും 
അജ്ഞതതൻ ഇരുളു നീങ്ങും വരെ...
ആസ്വദിക്കുക നീ നിൻറെ ചുമരുകളിൽ 
നീ ഇല്ലാത്ത ലോകത്തിൻ രൂപകാന്തി."