Sunday, April 19, 2015

മരിച്ച മനസ്സ്

കലിതാണ്ഡവം തീർത്ത രക്തസാക്ഷികളായ്
ഇന്നു വസന്തവും ശിശിരവും, 
ഇരുണ്ടപുതപ്പിൽ ഭീതിതൻ മഷിപുരണ്ട നിൻ മുഖവും 
കർക്കിടകത്തിൻ ചടുലതാളവും മാത്രം.
സ്വപ്‌നങ്ങൾ മാഷിയെഴുതിയ നിൻ മിഴികളിലിന്നു 
ഞാൻ കണ്ടത്;കണ്ണുനീരല്ല;
ചുടുചോരതൻ ചുവപ്പായിരുന്നു. 
അവിടമൊരു ശ്മശാനമെരിയുന്നതു കണ്ടു ഞാൻ
ഒന്നു പിൻവാങ്ങി, ആ പിശാചിൻ കനലെരിയുന്ന ദൃഷ്ടിയാൽ.
അവിടമൊരു തീഗോളമുയരുന്നതു കാണവേ -
എൻ കണ്‍കളിലിരച്ചു കയറി ഒരു കാർമേഘപടലം. 
വലിച്ചിഴച്ചാരോ വീണ്ടും ഇരുട്ടുമൂടിയാ മിഴികളെ അതിലെ.
സ്തബ്ദയായ് ഒരു നിമിഷം, ആ തേങ്ങലിൻ സ്വരമെൻ 
കാതിൽ ഇരമ്പിയപ്പോൾ. 
ഒന്നു തിരിഞ്ഞു നോക്കവേ ഞാൻ കണ്ടു, 
എരിഞ്ഞടങ്ങുന്ന നിൻ സ്വപ്നങ്ങളെ 
ഒരു പുകമഞ്ഞിൻ പുതപ്പിനാൽ മൂടി 
പതിയെ വാനിലേക്കുയർന്നപ്പോൾ അതിൽ  കാണായ് രണ്ടു ദംഷ്ട്രകളെ 
നിൻ പ്രതിഷേധത്തിൻ ചുടുചോര ഇറ്റുന്ന ദംഷ്ട്രകളെ...
അന്നു നീ പേടിച്ച;കാമവെറി പൂണ്ട ആ കണ്ണുകൾ 
ഇന്നു കേഴുന്നതു കേട്ടു ഞാൻ നിൻ ദയാവായ്പ്പിനായ്...
നിൻ സ്വപ്നങ്ങളെ കീറിമുറിച്ച്;
അതിൽ നിന്നിറ്റു വീണ നിൻ കണ്ണുനീരിലും 
കാമം മെനഞ്ഞ ആ കൈകൾ ഇന്നു 
നിൻ മുന്നിൽ കൂപ്പിടുന്നതും കണ്ടു ഞാൻ...
പേടിക്കണം ഇന്നു നിന്നെ; 
വലിച്ചുകീറിയാ കൈകളും,
വേശ്യയായ് മുദ്രകുത്തിയാ സമൂഹവും...