Sunday, December 4, 2016

നക്ഷത്ര കിന്നരൻ

മഴപെയ്ത രാവിൻ മടിയിൽ മയങ്ങി ഞാൻ
ഒരു സ്വപ്നലോകത്തെ നോക്കിനിന്നു.
മധുമാസരാവിന്റെ ഇടനാഴിയിൽ ഒരു 
നക്ഷത്ര കിന്നരനെ തിരഞ്ഞുനിന്നു.
കണ്ടില്ല ഞാൻ നിന്നെ ഇതുവരെ, കണ്ടതോ-
ജീവിതാക്രോശത്തിൻ പുകമറ മാത്രം.
ഒളിമങ്ങാത്ത രാവിന്റെ വാതാലയങ്ങളാ-
കരിനിഴൽ പാടിനാലടഞ്ഞിരുന്നു...
പലവഴി പിരിയുമീ പൊയ്കതൻ ശാഖയിൽ,
ഒന്നിന്റെ ഓളങ്ങൾ നോക്കി ഞാനും നടന്നു ദൂരെ...
ഇതളിട്ടു പുഷ്പ്പങ്ങളെതിരേറ്റു വസന്തത്തെ,
ശിശിരമോ കുളിർകാറ്റിൽ നിറഞ്ഞുനിന്നു.
സ്വപ്ന സരോവരതീരത്തു ഞാൻ നിൻ 
പ്രണയമാം ഈറനണിഞ്ഞു നിൽക്കെ,
അറിയാതെ പറയാതെ പുറകിലൂടെത്തി നീ
കുളിർകാറ്റായ് എന്നെ പുണർന്നു നിന്നു.
നിൻ അംഗുലികൾ തീർത്ത പൊന്നരഞ്ഞാണിനാൽ 
ഞാനാ വിരിമാറിൽ അലിഞ്ഞുപോയ്.
അരുണകിരണങ്ങൾ തഴുകുമീ താമരയിതൾ പോലെ
നിൻ പ്രണയമെൻ മേനി പുണർന്നിടുമ്പോൾ;
കണ്ടു ഞാൻ നിൻ ഹൃദയത്തിൽ,
ഇന്നോളം തേടിയൊരാ നക്ഷത്രകിന്നരനെ.
നിൻ കിന്നരഗീതികൾ എന്നിൽ ഉയരണം
ഒരു നാളിലെൻ പ്രാണനകലും വരെ.

No comments:

Post a Comment